Pages

2013, മേയ് 3, വെള്ളിയാഴ്‌ച

ഓര്‍മ സമരം ഉത്സവം


‘ചരിത്രം നാഴികക്കല്ലുകളും ശിലാലിഖിതങ്ങളും പുസ്തകങ്ങളുമല്ല, അതൊരു യാത്രയാണ്.’ അവസാനിച്ചു എന്നു കരുതുന്നിടത്തുവെച്ച്, ചിലപ്പോള്‍ വീണ്ടും അതിന് ആരംഭിക്കാന്‍ കഴിയും. അവസാനങ്ങളുള്ള സ്വസ്ഥ ആരംഭങ്ങളേക്കാള്‍ അതെന്നും അസ്വസ്ഥനിര്‍ഭരമായ അവസാനങ്ങളില്ലാത്ത ആരംഭങ്ങളാണ്.
ചരിത്രത്തിന് കിതച്ചും കുതിച്ചും തുടരാനല്ലാതെ അവസാനിക്കാനാവില്ല. മനുഷ്യര്‍ മുഴുവന്‍ മരിച്ചാലും ജന്തുസസ്യപ്രകൃതിയാകെ അപ്രത്യക്ഷമായാലും കാലം കാത്തുസൂക്ഷിക്കുന്ന ‘മരിച്ചാലും മരിക്കാത്ത’അവശിഷ്ടങ്ങളില്‍നിന്ന്, അടയാളങ്ങളില്‍നിന്ന്, ‘ചരിത്രം’ പിന്നയും തളിര്‍ക്കും.
സംഭ്രമിപ്പിച്ചും വിസ്മയിപ്പിച്ചും നഷ്ടമായതെന്തെന്നാര്‍ക്കാന്‍പോലുമാവാത്ത നമ്മുടെയൊക്കെ അലസകാലങ്ങള്‍ക്ക് മുമ്പിലേക്ക്, മനുഷ്യസമൂഹത്തിന്റെ സമരകാലങ്ങള്‍ സങ്കടങ്ങളുടെ ഇനിയും തുറക്കാത്ത പൊതിക്കെട്ടുകളുമായി വിസ്മൃതിയുടെ ‘കുഴിമാടങ്ങളില്‍നിന്ന്’ പൊങ്ങിവരും. പാതാളപ്പടവുകള്‍ കയറിവന്ന കടമ്മന്റെ പ്രശസ്തയായ കുറത്തി ചോദിച്ചത്പോലെ നമ്മളും അപ്പോള്‍ സ്വയം ചോദിച്ചുപോകും. ‘നമ്മളെങ്ങിനെ നമ്മളായെന്ന്’.
 ഉറ്റിവീണ വിയര്‍പ്പും ഉച്ചരിക്കപ്പെട്ട വാക്കും, ചവിട്ടിനില്‍ക്കുന്ന മണ്ണും, പങ്കുവെച്ച ബന്ധങ്ങളും, ചേര്‍ത്തുപിടിച്ച ആദര്‍ശങ്ങളും, നിറസമൃദ്ധി നല്‍കിയ സ്വപ്നങ്ങളും എന്നും നിന്നിടത്ത് നില്‍ക്കുകയില്ല.
ഉപേക്ഷിക്കപ്പെട്ടവരൊക്കെയും ഒരിക്കല്‍ ഉയിര്‍ത്തെഴുന്നല്‍ക്കും. ആധിപത്യത്തിനും വിധേയത്വത്തിന്നുമപ്പുറം, ജീവിതത്തിന്റെ ആകാശങ്ങളില്‍ അന്ന് സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിക്കും. അപ്പോള്‍ മണ്‍മറഞ്ഞതിനെയൊക്കെ ആ മണ്ണ് ഒരുത്തരവാദിത്വം നിര്‍വ്വഹിക്കുന്ന ഭാവമില്ലാതെ വിനയപൂര്‍വ്വം നമുക്ക് തിരികെതരും.
1856ല്‍ ആസ്ത്രേലിയായിലെ തൊഴിലാളികളാണ് ആദ്യമായി ‘8മണിക്കൂര്‍’ സമരമുദ്രാവാക്യം മുഴക്കിയത്. എന്നാല്‍ ‘8മണിക്കൂര്‍’ സമരം ഭൂലോകത്തിന്റെ ചരിത്രം മാറ്റുംവിധം മുന്നറിയത് 1886ല്‍ അമേരിക്കയിലെ ചിക്കാഗോവിലാണ്. ഇന്നും ചരിത്രബോധമുള്ള മനുഷ്യരുടെ സ്മരണകളില്‍ ‘ചിക്കാഗോ’ അമേരിക്കയിലെ ഒരു സ്ഥലമെന്നതിനേക്കാള്‍ മുഷ്ടിചുരുട്ടിനില്‍ക്കുന്ന ഒരു മഹാസമരകേന്ദ്രമാണ്. സ്വന്തം ‘ടൂറിസ്റ് ഭൂപടത്തില്‍’നിന്ന് അമേരിക്ക ‘മെയ്ദിനസ്മരണകള്‍’ എത്രമേല്‍ തുടച്ച് മാറ്റിയാലും മനുഷ്യമനസ്സില്‍ അത് എന്നുമെന്നും നിലനില്‍ക്കും. നിങ്ങള്‍ കഴുത്ത് ഞെരിച്ച്കൊന്ന ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത ശക്തമാകുന്ന ദിവസം വരും,’ എന്ന് അഗസ്റ്റസ് സ്പൈസ് എന്ന മഹാനായ മെയ്ദിനസമരനായകന്‍ പ്രഖ്യാപിച്ചത്, കഴുമരത്തിന് മുമ്പില്‍വെച്ചാണ്. ചിക്കാഗോ മൈല്‍, ചിക്കാഗോട്രിബൂണ്ട തുടങ്ങിയ യൂ എസ് മാധ്യമങ്ങള്‍ മെയ്ദിന സമരയോദ്ധാക്കളെ അന്ന് വിശേഷിപ്പിച്ചത് രക്തദാഹികളായ ക്രൂരന്മാര്‍, തെണ്ടികള്‍, തെമ്മാടികള്‍, ഭീരുക്കള്‍, അമേരിക്കാവിരുദ്ധര്‍, ജന്തുക്കള്‍, ചുവന്നതൊപ്പിക്കാര്‍ എന്നിങ്ങനെയായിരുന്നു! മെയ്ദിന സമരയോദ്ധാക്കള്‍ ‘8മണിക്കൂര്‍ ഷൂസും’, ‘8മണിക്കൂര്‍ പുകയിലയും’ നിര്‍മിച്ചു. അവര്‍ക്കന്ന് 8മണിക്കൂര്‍ സ്വാതന്ത്ര്യത്തിന്റെ വന്‍കരയായിരുന്നു. അത് ചേര്‍ത്തുള്ള എന്തും വിപ്ളവകരവും! എന്നാല്‍ മൂലധനശക്തികള്‍ക്കത്, ‘8മണിക്കൂര്‍ ഭ്രാന്താ’യിരുന്നു. സാമൂഹ്യകലാപമായിരുന്നു. അച്ചടക്ക രാഹിത്യമായിരുന്നു!


നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്ക് ‘റൈഫിള്‍സദ്യ’ കൊടുക്കാനാണ് അന്നുമവര്‍ ആക്രോശിച്ചത്. 1886 മെയ് ഒന്ന് സമരത്തിന്റെ നേതാക്കളെ, മനുഷ്യത്വത്തെ ലജ്ജിപ്പിക്കുംവിധം തൂക്കിക്കൊല്ലാനാണ്, അന്നത്തെ ന്യായാധിപന്മാര്‍ വിധിച്ചത്. 1887 നവം.11ന് ആല്‍ബര്‍ട്ട് ആര്‍ പാര്‍സണ്ട, ഫിഷര്‍, അഗസ്റസ് സ്പൈസ്, ജോര്‍ജ് ഏംഗല്‍സ് എന്നീ നാലുപേരെയാണ് യു എസ് ഭരണകൂടം തൂക്കിലേറ്റിയത്. അത്രമാത്രമല്ല, സമരത്തെ അടിച്ചമര്‍ത്തിയ ‘പോലീസിന്’ ആയിരങ്ങള്‍ അടിയേറ്റ് വീണ അതേ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ ‘പ്രതിമ’ നിര്‍മിക്കുകയാണവര്‍ ചെയ്തത്. 1889ല്‍ പ്രസ്തുത പ്രതിമ അനാഛാദനം ചെയ്തുകൊണ്ട് ചിക്കാഗോ മേയര്‍ പ്രഖ്യാപിച്ചത് ‘സ്വാതന്ത്യ്രത്തിന്റെയും നിയമത്തിന്റെയും പ്രതീകമായി ഇതിവിടെ എന്നുമുണ്ടാകും’ എന്നത്രെ. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ആയുധശക്തിക്ക്, അവരാഗ്രഹിച്ചവിധം, മെയ്ദിന പോരാളികളുടെ ചോരവീണ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍, ചരിത്രത്തിലെ അക്ഷരത്തെറ്റ്പോലെ നിലനിര്‍ത്താനുദ്ദേശിച്ച ആ പ്രതിമ നിലനിര്‍ത്താനായില്ല. 1972 മുതല്‍ ‘പോലീസ് അക്കാദമി’ക്ക് അകത്തത് സുരക്ഷിതമായി വിശ്രമിക്കുകയാണ്! അധികാരികള്‍, സമരകേന്ദ്രമായ ഹേ മാര്‍ക്കറ്റ് പ്രദേശത്ത് ഡിസ്നിലാന്റ് മാതൃകയില്‍ ഒരാനന്ദപാര്‍ക്ക് നിര്‍മിച്ചിരിക്കുകയാണ്. എന്നാല്‍ യു എസിലെ ഇല്യാനോയ് ഗവര്‍ണര്‍ ജോണ്ട പീറ്റര്‍ അട്ജെല്‍സ്, മെയ്ദിന സമരനായകരെ തൂക്കിലേറ്റാന്‍ വിധിച്ച ന്യായാധിപര്‍ നീതിയല്ല, പകരം ‘നൈയാമികഭീകരത’യാണ് നടപ്പിലാക്കിയതെന്ന് തുറന്നടിച്ചു. മെയ്ദിന സമരവുമായി ബന്ധപ്പെട്ട് ജയിലിലുണ്ടായിരുന്ന മുഴുവന്‍ പേരെയും മോചിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. കൊലചെയ്യപ്പെട്ടവര്‍ ‘നിയമഭീകരതയുടെ’ നിഷ്കളങ്കരായ ഇരകളായിരുന്നു എന്ന ജോണ്ട പീറ്റര്‍ അട്ജെല്‍സിന്റെ വാക്കുകളെ ‘മെയ്ദിന സമരത്തിന്റെ മഹത്വത്തിന്’ വൈകിവന്ന അംഗീകാരമായി ഇന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മെയ്ദിനപോരാളികള്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യംതന്നയാണ് 2008ല്‍ അമേരിക്കയെ ഇളക്കിമറിച്ച വാള്‍സ്ട്രീറ്റ് കലാപത്തിലും മുഴങ്ങിയത്. ‘We are many, You are few....’

എന്നാലിന്ന്, മേയ്ദിന സമരയോദ്ധാക്കള്‍ പ്രാണനും ചോരയും നല്‍കി പിടിച്ചെടുത്ത ആ പുതിയ 24 മണിക്കൂര്‍ സമയവിഭജനത്തിന്ന് എന്ത് സംഭവിച്ചു എന്ന് ചോദിക്കാന്‍ പരാന്നഭോജികളല്ലാത്ത മുഴുവന്‍ മനുഷ്യര്‍ക്കും ഉത്തരവാദിത്തമുണ്ട്. 8 മണിക്കൂര്‍ ജോലിക്കും 8 മണിക്കൂര്‍ വിനോദത്തിനും 8 മണിക്കൂര്‍ വിശ്രമത്തിനും വേണ്ടി പിടിച്ചെടുത്ത സമയസ്ഥലങ്ങള്‍പോലും സാംസ്കാരിക മര്‍ദ്ദനത്തിന്റെ പടനിലങ്ങളായി പരിണമിക്കുകയാണോ? ഒരിക്കല്‍ പൊരുതിനേടിയ ‘സമയം’ പോരാളികളുടെ പിന്‍മുറക്കാര്‍ അറിയാതെ അവരില്‍നിന്നും തിരിച്ചു പിടിക്കപ്പെടുകയാണോ? പ്രതിരോധങ്ങള്‍ കുറയുകയും, മാഞ്ഞാലങ്ങളും കിന്നാരങ്ങളും അനുപാതരഹിതമായി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ‘മെയ്ദിനത്തിന്’ നഷ്ടമാവുന്നത്, പറക്കാനുള്ള ചിറകുകള്‍ മാത്രമല്ല, നില്‍ക്കാനുള്ള സ്വന്തം കാലുകളുമാണ്. ജോലിസ്ഥലം ‘പരസ്യകേന്ദ്രം’, വിശ്രമസമയത്തിലും പലതരം പരസ്യങ്ങള്‍, നിദ്രയില്‍ ചിറകടിക്കുന്നതും പരസ്യ സ്വപ്നങ്ങള്‍’! പുതിയകാലത്തിന്റെ ‘പീഡന’മായി മാറിയ പരസ്യങ്ങള്‍, കൊത്തിപറക്കുന്നതും, തല്ലിതകര്‍ക്കുന്നതും, മെയ്ദിനം മോചിപ്പിച്ച സമയസ്വാതന്ത്യ്രത്തെയാണ്. പരസ്യങ്ങളില്‍നിന്നും സ്വന്തം ജീവിതപരമാര്‍ത്ഥങ്ങളിലേക്ക്, മൂലധന മൂല്യബോധങ്ങളില്‍നിന്നും മനുഷ്യത്വത്തെ ആഘോഷിക്കുന്ന ‘ജീവിതമൂല്യങ്ങളിലേക്ക്’, തിരിച്ചുവിളിക്കുന്ന ഭൂതജീര്‍ണ്ണതകളില്‍നിന്ന്, വര്‍ത്തമാനത്തെയും ഭാവിയേയും എന്തിന് ഭൂതത്തെതന്നയും മോചിപ്പിക്കുന്ന ഒരു മഹാശക്തിയുടെ ‘സമരസ്മരണ’യായി ‘മെയ്ദിനത്തെ’ മോചിപ്പിക്കേണ്ടതുണ്ട്.

ഉത്സവങ്ങള്‍ സ്മരണകളും സമരങ്ങളുമാണ്. മനുഷ്യചരിത്രത്തെ ചൈതന്യ നിര്‍ഭരമാക്കിയ ഒരു മഹാസമരത്തിന്റെ സ്മരണകളെ സമരോത്സുകമായ ഒരുത്സവമായി മാറ്റുകയാണ് ഇന്നനിവാര്യമായിട്ടുളളത്. നൂറുകണക്കിന് ഉത്സവങ്ങളില്‍നിന്നും മെയ്ദിനം വേറിട്ടു നില്‍ക്കുന്നത് അതൊരു സാര്‍വ്വദേശീയ ഉത്സവമായത്കൊണ്ട് മാത്രമല്ല, അതിജീവനത്തിനും ആവിഷ്കാരത്തിനുമിടയിലെ മതിലുകള്‍ അതെന്നും ഇടിച്ചുപൊളിക്കുന്നത്കൊണ്ട് കൂടിയാണ്. ‘എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം’ എന്ന മെയ്ദിനമുദ്രാവാക്യം, മനുഷ്യത്വത്തിന്റെ എന്നത്തേയും മാനിഫസ്റോയായിരിക്കും. ജോലിസമയം കുറയുകയും ഏതൊരു ജോലിയും ഒരാവിഷ്കാരമായി മാറുകയും ചെയ്യും.

പ്രഭാഷണങ്ങളിലും പുസ്തകപ്രദര്‍ശനങ്ങളിലും മാത്രമായി ചുരുങ്ങികൊണ്ടിരിക്കുന്ന മെയ്ദിനത്തെ ഇന്ന് നാം ജീവിതത്തോളം വികസിപ്പിക്കപ്പെടേണ്ടതുണ്ട്. ഒരു ‘കാല്‍ഔണ്‍സ്ഉത്സവം’ എന്ന അവസ്ഥയില്‍നിന്നും ഒരു പൂര്‍ണ്ണ ഉത്സവമായി അതിനെ മാറ്റേണ്ടതുണ്ട്. മെയ് ഒന്നിനെ ഭൂതഭാവികള്‍ സംഗമിക്കുന്ന വര്‍ത്തമാനകാലത്തിന്റെ വിര്യവിസ്മയങ്ങളായി വികസിപ്പിക്കേണ്ടതുണ്ട്. അധികഭക്ഷണമായി, പുതിയ വസ്ത്രങ്ങളായി, സമരോത്സുക സ്വപ്നങ്ങളായി, ഉള്ളുണര്‍ത്തുംവിധമുള്ള ഒത്തുചേരലുകളായി, കലാസാഹിത്യസാന്നിധ്യങ്ങളായി, പിന്‍മടക്കമില്ലാത്ത പ്രതിജ്ഞകളായി, ജീവിതത്തെ സമഗ്രവും സൂക്ഷ്മവുമായി ഇളക്കിമറിക്കുന്ന അനുഭൂതിയായി വൈവിധ്യമാര്‍ന്ന സര്‍ഗാത്മക പ്രയോഗങ്ങളായി മേയ്ദിനത്തെ നവീകരിക്കേണ്ടതുണ്ട്.
ഇങ്ങിനെയൊക്കെ മതി എന്ന് മനുഷ്യര്‍ കരുതുകയാണെങ്കില്‍, അതോടെ ജീവിതം അവസാനിക്കും. പല കാരണങ്ങളാല്‍, ഇങ്ങിനെയൊക്കെ ആയിപ്പോയ ജീവിതത്തെ, ‘ഇങ്ങിനെയൊന്നുമല്ലാത്ത’ വേറൊരു ജീവിതമാക്കിതീര്‍ക്കാനാണ്, കാലങ്ങളായി മനുഷ്യരായ മനുഷ്യരൊക്കെയും പിടയുന്നത്. ‘സമരം’ സൂക്ഷ്മമായ അര്‍ത്ഥത്തില്‍ സ്വയം മെച്ചപ്പെടാന്‍വേണ്ടി മനുഷ്യര്‍ നിര്‍വ്വഹിക്കുന്ന സര്‍വ്വ ശ്രമങ്ങളുടെയും സംഗ്രഹമാണ്. ‘പോരാ, പോരാ’ എന്നതില്‍നിന്നു മാത്രമേ അതിന്ന് തുടങ്ങാനാവൂ. ‘ആര്‍ത്തിപണ്ടാരങ്ങളുടെ’ ‘പോരാ’യേക്കുറിച്ചല്ല, മറിച്ച് ആദര്‍ശകേന്ദ്രിതവും, അന്വേഷണാത്മകവും മെച്ചപ്പെടാന്‍ വേണ്ടി നിരന്തരം ഓരോരുത്തരും നിര്‍വ്വഹിക്കേണ്ട സര്‍ഗപ്രവര്‍ത്തനങ്ങളുമായി ബന്ധട്ടെ ക്രിയാത്മക അസംതൃപ്തിയെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ശ്രമിക്കുന്നത്. ‘മതി മതി’ എന്നതിലതിനൊരിക്കലും വിശ്രമിക്കാനാവില്ല. ‘ ആദര്‍ശാത്മകമായൊരു അസംതൃപ്തി’യാണ് ‘സമരഹൃദയങ്ങളില്‍’ എന്നും സൂര്യനായി ജ്വലിക്കുന്നത്. സാമൂഹ്യപരിവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക രാഷ്ട്രീയ കാരണങ്ങള്‍ക്കൊപ്പം, ‘ആദര്‍ശങ്ങളും’ പ്രധാനമാണ്. സ്വന്തം വിശപ്പ് പ്രാഥമികമായി ശരീരം കൊണ്ട് തന്നെ നമ്മളറിയും. തിന്നാനൊന്നും കിട്ടാതിരിക്കുമ്പോള്‍ കൈയും കാലും കുഴയും. നാവ് വരളും, സഹിക്കാനാവാതെ വരുമ്പോള്‍ എലിയേയും ചുട്ടുതിന്നും. ദാഹം അതിര്‍ത്തിവിട്ടാല്‍ അഴുക്കുചാലിലെ വെള്ളവും മനുഷ്യര്‍ കുടിച്ചുതുടങ്ങും! എന്നാല്‍ മറ്റുള്ളവരുടെ വിശപ്പറിയണമെങ്കില്‍ സ്വയം വയറുണ്ടായാല്‍ പോരാ, മറ്റു മനുഷ്യരിലേക്ക് പ്രദര്‍ശനങ്ങളില്ലാതെ പ്രവേശിക്കാനുള്ള വഴിയറിയണം. മരിച്ചവരും ജീവിക്കുന്നവരും ഇനിയും ജനിക്കാനിരിക്കുന്നവരുമായ മനുഷ്യരെ മുഴുവന്‍ പരസ്പരം ബന്ധിപ്പിക്കുന്ന ആ വിസ്തൃത-അഗാധവഴിയാണ് ‘ആദര്‍ശം’. മെയ്ദിനം ഇന്നാവശ്യപ്പെടുന്നത് അതിജീവനത്തിന്നുള്ള പ്രാഥമികശ്രമങ്ങള്‍ക്കൊപ്പം,ആവിഷ്കാരങ്ങളുടെയും ആദര്‍ശങ്ങളുടെയും ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനുള്ള വീര്യവുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ