Pages

2013, മേയ് 12, ഞായറാഴ്‌ച

അവര്‍ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ നാം `വെറും' മന്ദബുദ്ധികളാവുകയാണോ?


`ബുദ്ധിമാന്ദ്യമുള്ളവര്‍', `മന്ദബുദ്ധികള്‍', `ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നൊക്കെ വിവരിക്കപ്പെടുന്നവരും നമ്മെപ്പോലെ മനുഷ്യരാണ്‌. അവരും ഇണയും തുണയും ആഗ്രഹിക്കുന്നവരാണ്‌.
അവര്‍ പറയപ്പെടാതെപോയ വാക്കുകള്‍ക്കിടയില്‍ എഴുന്നേല്‍ക്കാനാവാത്തവിധം വീണുപോയവര്‍. `എന്തുകൊണ്ട്‌ തങ്ങള്‍ ഇങ്ങനെയായി' എന്നോര്‍ത്തൊന്ന്‌ കരയാന്‍പോലും കഴിയാതെ പോകുന്നവര്‍. കാനേഷുമാരി കണക്കിലെ മരവിച്ച അക്കങ്ങള്‍ മാത്രമായിപ്പോയവര്‍. കൊടിപിടിക്കാനോ മുദ്രാവാക്യം വിളിക്കാനോ അറിയാത്തവര്‍. സ്വന്തം വീടിനും ഉറ്റവരുടെ പരിചരണങ്ങള്‍ക്കുമിടയില്‍ സ്വന്തം ഭൂമിയും ആകാശവും എന്നോ നഷ്‌ടമായവര്‍.


`എന്തെന്നും ഏതെന്നും' കൃതമായി അറിയാതെ, എന്നാല്‍ അമ്പരപ്പിക്കുംവിധം `സ്വന്തമായി എല്ലാം അറിഞ്ഞുകൊണ്ട്‌' അവരും നമുക്കിടയില്‍ ജീവിക്കുന്നു. ബുദ്ധിമാത്രം മാനദണ്‌ഡമാക്കുമ്പോള്‍ അവര്‍ക്കൊന്നുമറിയില്ലെന്ന്‌ നമുക്ക്‌ തോന്നും. എന്നാല്‍ `ഹൃദയം' മാനദണ്‌ഡമാവുന്വോള്‍ അവര്‍ക്ക്‌ നമ്മെയും, നമുക്ക്‌ അവരെയും അറിയാന്‍ കഴിയും.
നാളിതുവരെയുള്ള അവരുടെ ജീവിതം, അവകാശനിഷേധങ്ങളുടെ ദുരന്ത കഥയാണ്‌. ന്യായമായി കിട്ടേണ്ടത്‌ കിട്ടാതെ പോകുമ്പോഴും, ഒന്ന്‌ പരാതി പറയാന്‍പോലുമാകാതെ അവര്‍ നമുക്കിടയിലെവിടെയൊക്കെയോ ചിതറിപ്പോകുകയാണ്‌. ആരും കാണാത്ത നേരങ്ങളില്‍ അവരും കരയുന്നുണ്ടാവും, തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക്‌ ഒരുപക്ഷേ ആരുടേതുമല്ലാത്ത പാതകങ്ങള്‍ക്ക്‌, സ്വയം ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വന്തം ജന്മത്തെയോര്‍ത്ത്‌. ഒരപേക്ഷയും കൊടുക്കാതെ, ഒരു വിസ്‌മയംപോലെ കിട്ടുന്ന ജന്മം ഇങ്ങിനെയൊക്കെ ആയിപ്പോയതോര്‍ത്ത്‌ അന്ധാളിക്കുമ്പോഴും മിന്നലുപോലെ കടന്നുവരുന്ന തിരിച്ചറിവിന്റെ അപൂര്‍വ്വ നേരങ്ങളില്‍ മഴവില്ലുകള്‍ അവരെയും മോഹിപ്പിക്കുന്നുണ്ടാവും. എന്നാല്‍ അവരോടൊപ്പം കഴിയുന്ന `ബുദ്ധി'യുള്ള നമ്മള്‍, അവരേക്കാള്‍ ബുദ്ധിശൂന്യരാവുകയാണോ? അവരുടേത്‌ എങ്ങിനെയെന്ന്‌ കൃത്യമായും മനസ്സിലാക്കപ്പെടാതെപോയ രോഗമാണ്‌. നമ്മുടേതോ!
`അവര്‍ക്കു ചിരിക്കാനറിയാം/പക്ഷേ, അതാരും കാണുന്നില്ല. അവര്‍ക്ക്‌ കരയാനറിയാം;/ പക്ഷേ, അതാരും കേള്‍ക്കുന്നില്ല.....അവര്‍ക്ക്‌ അവകാശങ്ങളുണ്ട്‌/ പക്ഷേ, അതാരും ശ്രദ്ധിക്കുന്നില്ല..അവര്‍ക്ക്‌ സങ്കടങ്ങളുണ്ട്‌/ പക്ഷേ പറയാനാളില്ല./ഇവിടെ നമ്മളുണ്ടായിരുന്നില്ലേ?/അവരുടെ ബുദ്ധിയാകേണ്ടവര്‍/ അവകാശങ്ങള്‍ നേടി കൊടുക്കേണ്ടവര്‍/ സങ്കടങ്ങള്‍ ഏറ്റെടുക്കേണ്ടവര്‍'(ആരുണ്ട്‌ ഇവര്‍ക്ക്‌ നമ്മളല്ലാതെ ജോണ്‍സണ്‍ പൂവുന്തുരുത്ത്‌).
വൈകിയാണെങ്കിലും `കേരളജനത' കണ്ണ്‌ തുറക്കുകയാണ്‌. കേള്‍ക്കാതെപോയ അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയാണ്‌. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ ഉത്തരവാദിത്തത്തെ ഏറ്റെടുക്കേണ്ടത്‌ സര്‍ക്കാറും സമൂഹവുമാണെന്ന്‌ തിരിച്ചറിയുകയാണ്‌. `ഞങ്ങള്‍ മരിച്ചാല്‍, ഈ മക്കള്‍ക്ക്‌ ആരുണ്ടെന്ന' രക്ഷിതാക്കളുടെ ഉല്‍ക്കണ്‌ഠകള്‍ക്ക്‌, ചെറിയ ഉത്തരങ്ങളെങ്കിലും ഉണ്ടായിത്തീരുകയാണ്‌. `കേരളത്തിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ സംബന്ധിച്ചുള്ള സമഗ്ര പഠനറിപ്പോര്‍ട്ട്‌' എം കെ ജയരാജ്‌ കമ്മീഷന്‍, ബഹു. വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ പി കെ അബ്‌ദുറബ്ബ്‌ മുമ്പാകെ സമര്‍പ്പിച്ച്‌ കഴിഞ്ഞിരിക്കുന്നു. ആ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
ഞാനിപ്പോള്‍ താല്‍ക്കാലികമായി താമസിക്കുന്നത്‌, തിരുവനന്തപുരത്ത്‌ പാങ്ങപ്പാറയിലാണ്‌. വലതുഭാഗത്ത്‌ ഗവ.ഹെല്‍ത്ത്‌ സെന്റര്‍, ഇടതുഭാഗത്ത്‌ സി എച്ച്‌ മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേററ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ദി മെന്റലി ചാലഞ്ച്‌ഡ്‌ എന്ന കേരളത്തിലെ, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ഏക സര്‍ക്കാര്‍ സ്ഥാപനം. പത്ത്‌കൊല്ലംമുമ്പ്‌, പതിനായിരത്തില്‍ ഒരു കുട്ടിക്കായിരുന്നു `ഓട്ടിസ'മെന്ന ബുദ്ധിപരമായ തകരാറ്‌ സംഭവിച്ചിരുന്നതെങ്കില്‍ ഇപ്പോളത്‌ എണ്‍പത്തിയെട്ട്‌ കുട്ടികളില്‍ ഒരാള്‍ക്കെന്നവിധം വര്‍ദ്ധിച്ചരിക്കുകയാണത്രേ! എന്നിട്ടും ഈ മേഖലയിലെ നമ്മുടെ സമീപനം പ്രത്യേകിച്ചൊന്നും സംഭകിച്ചൊന്നും സംഭവിക്കാത്തവിധം നിഷ്‌ക്രിയമാണ്‌. ഹെല്‍ത്ത്‌ സെന്ററില്‍ വരുന്നവരും പോകുന്നവരും സ്വന്തം രോഗം എന്തെന്നറിയുന്നവരാണ്‌. എന്നാല്‍ അപ്പുറത്തുള്ളവരോ!
`തങ്ങളെ'ക്കുറിച്ചുള്ള `വാക്കുകള്‍' പറയാന്‍ കഴിയാതെപോവുന്ന അവരെക്കുറിച്ച്‌, എം കെ ജയരാജ്‌ എന്ന മനുഷ്യസ്‌നേഹിയായ അക്കാദമീഷ്യന്‍ വര്‍ഷങ്ങളായി സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഫിസിക്‌സ്‌ ബിരുദധാരിയായ ഊര്‍ജസ്വലനായ ഈ യുവാവ്‌ നേരെപോയത്‌ യൂണിവേഴ്‌സിറ്റിയിലേക്കല്ല, `നിത്യചൈതന്യയതി'യുടെ ആശ്രമത്തിലേക്കായിരുന്നു. അവിടെ ആറുമാസം. പിന്നീട്‌ പോത്തന്‍കോടുള്ള കരുണാകരഗുരുവിന്റെ ആശ്രമത്തില്‍ ഒരു കൊല്ലത്തിലേറെ..
കാണാതെ പോവുന്ന വേദനകളുടെ വേരുകള്‍ തിരക്കുകയായിരുന്നുവോ? സ്വകാര്യമായ മുറിവകളുടെ നീറ്റലുകള്‍ക്ക്‌ സാന്ത്വനം തിരക്കുകയായിരുന്നുവോ? അസ്‌തിത്വത്തിന്റെ വിവരണവിധേയമല്ലാത്ത സംഘര്‍ഷങ്ങളില്‍ സ്വയം തിളച്ചു മറിയുകയായിരുന്നുവോ.? എന്തായാലും പിന്നീട്‌ അദ്ദേഹം എത്തിപ്പെട്ടത്‌ ഒരിക്കലും പിന്തിരിഞ്ഞുനോക്കാത്തവിധം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ നടുവിലേക്കാണ്‌. ഇന്നദ്ദേഹം, സി എച്ച്‌ മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ദി മെന്റലി ചലഞ്ച്‌ഡിന്റെ പ്രിന്‍സിപ്പാളാണ്‌. ഇന്ത്യയിലെതന്നെ ആദ്യത്തെ, ഈ രംഗത്തെ, ഏകാംഗകമ്മീഷനാണ്‌. കാലാവധിക്കുമുമ്പെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുകൊണ്ട്‌ സ്വന്തം പ്രതിബദ്ധത തെളിയിച്ച ആദ്യത്തെ കമ്മീഷന്‍ എന്ന ബഹുമതിക്ക്‌ അദ്ദേഹം അര്‍ഹനായിരിക്കുന്നു.
ഞങ്ങള്‍ക്ക്‌ ഒന്നിച്ചിരിക്കാന്‍ കിട്ടുന്ന സമയങ്ങളിലൊക്കെ, അദ്ദേഹം പ്രധാനമായും പങ്കുവെക്കാറുള്ള പ്രധാനകാര്യങ്ങളിലൊന്ന്‌ എപ്പോഴും, ഞാനും നിങ്ങളുമുള്‍പ്പെടുന്നവര്‍, പല കാരണങ്ങളാല്‍ വേണ്ടത്ര പരിഗണിക്കാതെപോവുന്ന, `ബുദ്ധിപരമായ വെല്ലുവിളികള്‍' അനുഭവിക്കുന്നവരെക്കുറിച്ചാണ്‌. ഇരുപത്‌കൊല്ലംമുമ്പ്‌ പാലക്കാട്‌ ജില്ലയിലെ ലക്കിടിയിലെ `പോളിഗാര്‍ഡനില്‍' പ്രധാന അധ്യാപകനായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ ഒരനുഭവം, ബുദ്ധിപരമായ വെല്ലുവിളികള്‍ അനുഭവിക്കുന്നവരെക്കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്താന്‍ സഹായിക്കുംവിധമുള്ളതാണ്‌. ശൈശവമനോരോഗം നിമിത്തമുണ്ടാകുന്ന `ബുദ്ധിമാന്ദ്യം' ബാധിച്ച `മഹേഷ്‌' പോളിഗാര്‍ഡനില്‍ പാര്‍പ്പിച്ചിരുന്നത്‌, കൈ, കാലുകളില്‍ ചങ്ങലയിട്ടാണ്‌. ആക്രമണകാരിയായതിനാലാണ്‌ അങ്ങിനെ ചെയ്‌തിരുന്നത്‌. നിരന്തരശ്രമങ്ങളിലൂടെ മഹേഷുമായി `ഒരുവിധ സൗഹൃദം' സ്ഥാപിച്ചശേഷം, ജയരാജ്‌മാഷ്‌, പ്രത്യാഘാതങ്ങള്‍ പേടിക്കാതെ മഹേഷിനെ ചങ്ങലയില്‍നിന്നും അഴിച്ചുവിട്ടു! പത്ത്‌കൊല്ലത്തിനുശേഷം വീണ്ടുമാ സ്ഥാപനം സന്ദര്‍ശിച്ചപ്പോള്‍, അദ്ദേഹത്തെ തിരിച്ചറിഞ്ഞത്‌ ഒരേയൊരു വിദ്യാര്‍ത്ഥി മാത്രമാണ്‌. അത്‌ മഹേഷായിരുന്നു. കൈകള്‍ പിടിച്ച്‌ കണ്ണിലേക്ക്‌ ഉറ്റുനോക്കി അവന്‍ പറഞ്ഞുവത്രേ, `എന്നെ ചങ്ങലയില്‍ നിന്നും അഴിച്ചുവിട്ട ആളാ.....'
1996ല്‍ ഹൈദരാബാദില്‍ സ്‌പെഷല്‍ ഒളിമ്പിക്‌സ്‌ വേദി. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രത്യേക ഓട്ടമത്സരം നടക്കുകയാണ്‌. ആ ഓട്ട മത്സരത്തിന്നിടയില്‍ ഒരു കുട്ടി എങ്ങിനെയോ വീണുപോയി. മുന്നിലെത്തിയിരുന്ന മറ്റെല്ലാവരും, തിരിഞ്ഞോടി വീണകുട്ടിയെ അവര്‍ എഴുന്നേല്‍പ്പിച്ചു. എന്നിട്ടവര്‍ പരസ്‌പരം കൈകോര്‍ത്ത്‌ ഒന്നിച്ചോടുകയാണത്രേ ഉണ്ടായത്‌. ബുദ്ധിയുള്ളവര്‍ക്ക്‌, `ബുദ്ധിയില്ലാത്ത'വരില്‍ നിന്നും ഒരുപാട്‌ പഠിക്കാനുണ്ട്‌!
കേരളത്തില്‍ പല കാലങ്ങളിലായി സമര്‍പ്പിക്കപ്പെട്ട ഏതൊരു റിപ്പോര്‍ട്ടിനേക്കാളും മഹത്താണ്‌. `എം കെ ജയരാജ്‌ കമ്മീഷന്‍' റിപ്പോര്‍ട്ടെന്ന്‌ ഞാന്‍ കരുതുന്നു. എന്തുകൊണ്ടെന്നാല്‍, മറ്റേത്‌ റിപ്പോര്‍ട്ടും ആരെക്കുറിച്ചാണോ, അവര്‍ക്ക്‌, അതേക്കുറിച്ച്‌ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കാന്‍ കഴിയും. ഏറ്റവും ചുരുങ്ങിയത്‌ തങ്ങള്‍ക്ക്‌ വേണ്ടി `ഒരു റിപ്പോര്‍ട്ട്‌' സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നെങ്കിലും അവര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌, ആ വിധം മനസ്സിലാക്കപ്പെടുകയില്ല. ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടവരല്ല, മറിച്ച്‌ നമ്മളാണ്‌ അവരെക്കുറിച്ചും, നമ്മെക്കുറിച്ചും മനസ്സിലാക്കേണ്ടത്‌. എന്നാല്‍ ഇക്കാര്യത്തില്‍ നമുക്കാണ്‌ ബുദ്ധിമാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.
`കേരളത്തിന്റെ നവോത്ഥാന സംസ്‌കൃതി ലോകത്തിന്റെ സജീവശ്രദ്ധ പിടിച്ചുപറ്റാനുതകുന്ന ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക്‌ പകര്‍ന്നുതന്നുവെങ്കിലും, അതിനിടയിലെവിടെയോ അന്ധകാരജടിലമായ തമോതലങ്ങളില്‍, നമ്മുടെ സഹജീവികള്‍ കൈകാലിട്ടടിക്കുന്നത്‌, നാം കാണാതെ പോയി. നിസ്വരായ ഒരു ജനതയുടെ ഹൃദയഭേദകമായ രോദനം കാണാതെയും കേള്‍ക്കാതെയും എത്രതന്നെ മുന്നോട്ട്‌പോയി എന്നവകാശപ്പെട്ടാലും, അതൊരു പുരോഗമനമല്ല. ആവശ്യാവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ കഴിവില്ലാത്ത, വലിയൊരു ജനവിഭാഗം, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, നമ്മുടെ വികസനപ്രചണ്‌ഡപ്രഘോഷങ്ങളുടെ നിഴലുകള്‍ക്കിടയില്‍, ഇരുട്ടില്‍ എങ്ങനെ അകപ്പെട്ടു, എന്ന്‌ നയരൂപീകരണകര്‍ത്താക്കള്‍ ഇനിയെങ്കിലും ഉണര്‍ന്ന്‌ ചിന്തിക്കണം. അവഗണനയുടെ അലകടലില്‍, നിസ്വരായ ഒരു ജനതയെ ഉപേക്ഷിച്ച്‌ മുന്നോട്ട്‌ എന്ന്‌ പറയപ്പെടുന്ന ഓരോ കാല്‍വെയ്‌പ്പും അര്‍ത്ഥരഹിതമാണെന്ന്‌, അന്തസ്സാരശൂന്യമാണെന്ന്‌, ഇനിയെങ്കിലും കുറ്റബോധത്തോടെ, പശ്ചാത്താപത്തോടെ നമുക്ക്‌ സമ്മതിക്കണം.'(എം കെ ജയരാജ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന്‌).


വായിക്കൂ...'മനുഷ്യര്‍ ഒരു സമൂഹമാണെങ്കില്‍ വെള്ളം ലോകമാണ്‌'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ