Pages

2013, മേയ് 5, ഞായറാഴ്‌ച

മയിലും കടുവയും കാട്ടിപ്പോത്തും പിന്നെ ദേശീയതയും


വളര്‍ത്തല്‍ ചുറ്റുപാടിന്റെയും, വളരുന്ന ചുറ്റുപാടിന്റെയും ഒരന്തരീക്ഷമെന്നതിനപ്പുറം `ദേശീയത'യില്‍ തലകറങ്ങുംവിധം ലഹരിപിടിക്കേണ്ട കാര്യമില്ല. `ദേശീയഭ്രാന്ത്‌' `മികച്ച രോഗ'മൊന്നുമല്ലെന്ന്‌ മനസ്സിലാക്കാന്‍, `മിനിമം ചരിത്രബോധം' മാത്രം മതിയാകും! ദേശീയപുഷ്‌പം, ദേശീയമൃഗം, ദേശീയപക്ഷി, തുടങ്ങി `ദേശീയ' മുദ്ര ചാര്‍ത്തപ്പെടുന്ന പലതിലും അതത്‌ കാലത്തെ അധികാരപ്രയോഗമല്ലാതെ, മറ്റൊന്നുമില്ലെന്ന്‌ ഇന്നാര്‍ക്കാണറിയാത്തത്‌! പേര്‌ മുതല്‍ പ്രതീകം മുതല്‍ ബിംബകല്‌പനകളിലേക്ക്‌ വരെ സങ്കുചിത ദേശീയത ഇടിച്ചുകയറുന്നതിന്നെതിരെ നിതാന്ത ജാഗ്രത അനിവാര്യമാണ്‌.
`ദേശീയത എന്ന പരികല്‍പനതന്നെ പ്രശ്‌നസങ്കീര്‍ണമാണ്‌. യഥാര്‍ത്ഥത്തില്‍ ദേശീയത സംഘര്‍ഷനിര്‍ഭരമാണ്‌. അടിയില്‍നിന്ന്‌ വികസിച്ചുവരുന്ന `ജനകീയ ദേശീയത' തീര്‍ച്ചയായും വളരെ ആഹ്ലാദകരവും അഭിമാനകരവുമാണ്‌. എന്നാല്‍ മുകളില്‍നിന്നു അടിച്ചേല്‍പ്പിക്കപ്പെടുന്ന ദേശീയത അപകടകരമാണ്‌. അത്‌ ഭരണകൂടത്തിന്റെ ഒരു സൗകര്യം മാത്രമാണ്‌. ഉദാഹരണമായി, ഭരണകൂടം മയിലിന്റെ മുകളില്‍ ഒരു സീല്‍ കുത്തിയാല്‍ അത്ഭുതം, അതോടെ മയില്‍ ഒരു ദേശീയപക്ഷിയാകും. നാളെ ഭരണകൂടം കാക്കയുടെ പുറത്താണ്‌ ഇതേസീല്‍ എടുത്തു കുത്തുന്നതെങ്കില്‍ അതോടെ കാക്കയും ദേശീയപക്ഷിയാകും. അതുപോലെ കടുവ ദേശീയമൃഗമാകുന്നത്‌ അതിന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതുകൊണ്ടൊന്നുമല്ല. താനൊരു `ദേശീയമൃഗ'മാണെന്ന്‌ കടുവയെങ്ങാനറിഞ്ഞാല്‍ അതോടെ ഫോറസ്റ്റുദ്യോഗസ്ഥരുടെ സ്ഥിതി പരുങ്ങലിലാവും! വി ഐ പി പരിഗണന കിട്ടാനായി അപ്പോള്‍ കടുവ കോര്‍ട്ടിലും പോകും! കാട്ടുപോത്തിനേയും സിംഹത്തിനേയുമൊക്കെ ദേശീയമൃഗമാക്കാം. ഭരണകൂടം ഒന്ന്‌ വിചാരിച്ചാല്‍ മതി. മയിലിനെ ദേശീയപക്ഷി ആക്കുന്നതിനേക്കാള്‍ നല്ലത്‌ കുയിലിനെ ആക്കുന്നതാണ്‌. അതിന്റെ പാട്ട്‌ പറയുന്നത്ര നന്നല്ലെങ്കിലും അത്‌ നന്നായി പറക്കുകയെങ്കിലും ചെയ്യും. മയില്‍ പക്ഷെ പക്ഷാഘാതം സംഭവിച്ച ഒരു ജീവിയാണ്‌. അതിന്‌ നന്നായൊന്ന്‌ പറക്കാന്‍ പോലും കഴിയില്ല.
ഞാന്‍ പറഞ്ഞുവരുന്നത്‌ ദേശീയതയുടെ ഒരു സീല്‍ ഭരണകൂടത്തിന്റെ കയ്യിലുണ്ട്‌. അതാരുടെമേല്‍ അടിച്ചാലും അവര്‍ ദേശീയരാവും. വേറൊരു സീലുണ്ട്‌. അത്‌ ദേശവിരുദ്ധര്‍ക്കുള്ളതാണ്‌. അത്‌ എടുത്തടിച്ചാല്‍ അവര്‍ ദേശവിരുദ്ധരുമാകും, അഴിക്കുള്ളിലുമാകും. ഞാനത്ഭുതപ്പെടുന്നത്‌ ഭരണകൂടങ്ങള്‍ എന്തുകൊണ്ടാണ്‌ ജനങ്ങളിലൊരു വലിയവിഭാഗത്തെ ദേശവിരുദ്ധരാക്കി മുദ്രകുത്തുന്നതുപോലെ ഇവിടത്തെ പക്ഷികളിലും മൃഗങ്ങളിലുംകൂടി ദേശവിരുദ്ധതയുടെ സീലുകൂടി കുത്താതെന്നാണ്‌? ദേശീയപക്ഷി ഉണ്ടാകുന്നതുപോലെ, നമുക്കൊരു ദേശവിരുദ്ധപക്ഷികൂടി ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ദേശീയത കുറേക്കൂടി സജീവമാകുമായിരുന്നു.
ദേശവിരുദ്ധര്‍ ഉള്ളതുകൊണ്ടാണല്ലോ, ഈ ദേശീയതക്കുവേണ്ടിയുള്ള വീര്യം ഇത്രയും ത്രസിക്കുന്നത്‌. അടിയില്‍നിന്ന്‌ ജനങ്ങളുടെ അടുപ്പത്തില്‍നിന്ന്‌ സൃഷ്‌ടിക്കപ്പെടുന്ന ഒരു ദേശീയതയാണോ ഇന്നുള്ളത്‌ എന്നതാണ്‌, ഇന്നൊരു വേവലാതിയോടെ നാം വിളിച്ചു ചോദിക്കോണ്ടത്‌. സാമ്രാജ്യ വിരുദ്ധതയില്‍നിന്നും വളരുന്ന അവസ്ഥയുടെ വൈവിധ്യപൂര്‍ണ്ണമായ വികാസത്തില്‍ നിന്നുമാണ്‌ ദേശീയത കരുത്തത്താര്‍ജ്ജിക്കേണ്ടത്‌... (.

'സ്വത്വം വര്‍ഗം മൃദുഹിന്ദുത്വം: .
വായിക്കൂ ഓര്‍മ സമരം ഉത്സവം

2 അഭിപ്രായങ്ങൾ:

  1. തല തിരിഞ്ഞ ദേശീയ വാദം സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. സീലേ ഭരണകൂടത്തിന്‍റടുത്തുള്ളൂ, മഷി പുരട്ടുന്നത് മാധ്യമങ്ങളാണ്

    മറുപടിഇല്ലാതാക്കൂ